Monday 17 March 2014

നമ്മുടെ ജിവിതത്തിൽ ഉണ്ടായിട്ടുള്ള പല പ്രതിസന്ധികളിലേക്കും ഒന്ന് തിരിഞ്ഞു നോക്കിയാൽ പലപ്പോഴും അവയൊക്കെ പിന്നീട് നമ്മുടെ ജീവിതത്തിലെ നല്ല വഴിത്തിരിവുകളിലേക്ക് നമ്മെ വഴിതെളിച്ചിട്ടുണ്ടാകും .

ഇന്നലെ കൈരളി ചാനലിലെ ജെ.ബി ജങ്ങ്ഷനിൽ ജോണ്‍ ബ്രിട്ടാസിനോടൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചേച്ചി ആയിരുന്നു അതിഥി.അവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോയപ്പോൾ ആണ് ഇത്തരത്തിലുള്ള ഒരു തോന്നൽ എനിക്കുണ്ടായത്.

അവരുടെ കുടുംബ ജീവിതം തകർന്നപ്പോൾ നമുക്ക് നല്ലൊരു കലാകാരിയെ കിട്ടി. അവരുടെ സ്വകാര്യ ജീവിതത്തിൽ ദാമ്പത്യ തകർച്ച ഒരു വലിയ പ്രതിസന്ധി ആയിരുന്നെങ്കിലും വർഷങ്ങൾക്കു ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ നഷ്ടം അവരെ മറ്റു ധാരാളം നേട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ടാകാം.

ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക എന്ന് പറയുമ്പോലെ....

എന്റെ ജീവിതത്തിൽ എനിക്ക് അൽപ്പമെങ്കിലും വളരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലേക്കു എന്നെ വഴിതെളിച്ചിട്ടുള്ളതും എനിക്കുണ്ടായ ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ തന്നെയാണ്..

അന്ന് അതൊന്നും അഭിമുഖീകരിക്കാനാകാതെ പകച്ചു നിന്നെങ്കിലും ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ദൈവം നമ്മെ മാറ്റിയെടുക്കാൻ തിരഞ്ഞെടുത്ത വഴികളായിരുന്നു അവയെന്ന് മനസ്സിലാക്കാനാകും. അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്ക് വിഷമങ്ങൾ ഒന്നും അധികം ബാധിക്കാറില്ല. കാരണം അവ നാളേക്ക് നമുക്ക് നല്ലതായി തീരാനുള്ള എന്തിന്റെയെങ്കിലും സൂചനകൾ ആകുമെന്ന് ഇപ്പോൾ എനിക്ക് തിരിച്ചറിയാം.

നമുക്കുണ്ടായിട്ടുള്ള നഷ്ടങ്ങൾ ഓർത്ത് വേദനിക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ചിന്തിച്ച് നോക്കൂ.. ആ നഷ്ടങ്ങൾ ഒന്നും ഒരു നഷ്ടങ്ങൾ ആയിരുന്നില്ല എന്ന് മനസ്സിലാക്കാം..

നമ്മെ കൂടുതൽ ബോൾഡ് ആക്കാനും മനസ്സ് പക്വമാക്കാനുമുള്ള ദൈവത്തിന്റെ ഓരോ പഠന ക്യാമ്പുകൾ ആയിരുന്നിരിക്കും ഇവ ഓരോന്നും.. നമുക്ക് വിഷമങ്ങൾ സമ്മാനിച്ചവർ ആ ക്യാമ്പിൽ ദൈവം നിയോഗിച്ച നമ്മുടെ അധ്യാപകരും.. നമ്മൾ വെറും വിദ്യാർഥികൾ മാത്രം...

ഏറ്റവും നന്നായി ക്യാംബ് അറ്റെന്റ് ചെയ്യുന്നവരാകും ജീവിത വിജയം കൈവരിക്കുന്നത് അവരുടെ ജീവിതത്തിൽ അധ്യാപകരുടെ എണ്ണവും വളരെ കൂടുതൽ ഉണ്ടാകും.സ്വർണ്ണം ചുട്ടെടുക്കും പോലെ അധ്യാപകർ അവരെ . വേദനകളുടെ തീചൂളയിലിട്ടു ചുട്ടെടുക്കും.

പ്രതിസന്ധികളിൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവർ ഒന്ന് ആലോചിക്കൂ ..

ഇത് ജീവിത വിജയത്തിലെ ഒരു ബാലപാഠം മാത്രമാണെന്ന്.

എന്നെ ഇങ്ങനെ ആയിത്തീർക്കാൻ ദൈവം കണ്ടെത്തിയ എല്ലാ അധ്യാപകരെയും ഞാൻ ആദരവോടെ ഈ സമയം ഓർക്കുന്നു