Friday 2 May 2014

മോഡി ഫലിതങ്ങൾ ...

1..ടെലഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍
ആദ്യമായി അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍
അദ്ദേഹത്തിന് മോഡിയുടെ മൂന്ന് മിസ്ഡ് കോള് വന്നു
കിടപ്പുണ്ടായിരുന്നു.

2. മോഡി പേപ്പര്‍ മടക്കി എയ്റോപ്ലെയിന്‍ ഉണ്ടാക്കാറില്ല -
അദ്ദേഹം എയ്റോപ്ലെയിന്‍ പേപ്പര്‍ പോലെ മടക്കാറാണ് പതിവ്.

3. മോഡിയുടെ സ്വീകരണമുറിയില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്.
സത്യത്തില് അതൊരു പ്രതിമയല്ല, മൂപ്പരെ പേടിച്ച്
അനങ്ങാതിരിക്കുന്ന ഒരു ജീവനുള്ള കടുവ തന്നെയാണ്.

4. മോഡിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി.
തോല്‍ക്കുന്നയാല്‍ ശേഷിക്കുന്ന കാലം പാന്‍റ്റിന് മുകളില്‍
ജട്ടി ഇടണമെന്നായിരുന്നു പന്തയം.

5. മോഡിക്ക് ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല,
കാരണം അദ്ദേഹത്തെ "അറ്റാക്ക്" ചെയ്യാനും മാത്രം മണ്ടനല്ല
ഹൃദയം.

7. ഒരിക്കല്‍ മോഡി ഒരു കുതിരയുടെ താടിക്കിട്ട് ഒരു തട്ടുകൊടുത്തു.
അങ്ങനെയാണത്രേ ഭൂമിയില്‍ ജിറാഫുകള്‍ ഉണ്ടായത്.

8. മോഡി പുഷ്-അപ് എടുക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹം കൈകുത്തി മുകളിലേക്കുയരുകയല്ല ചെയ്യുന്നത്, അദ്ദേഹം ഭൂമിയെ
താഴേക്കമര്‍ത്തുകയാണ്.

10. നൂറാം നിലയില്‍ നിന്നും വീണ Coin മോഡി എത്ര തിരഞ്ഞിട്ടും കണ്ടില്ല! കാരണം മോഡി Coin താഴെ ഇതും മുന്പേ തിരച്ചില്‍
തുടങ്ങിയിരുന്നു.

11. കാളയെ കറന്നു പത്തു ലിറ്റര്‍
പാല്‍ ഡെയിലി മോഡി എടുക്കാറണ്ടായിരുന്നു.

12.മോഡി ഒരിക്കലും ഉറങ്ങാറില്ല, അടുത്ത പ്രഭാതമാകുന്നത്
വരെ കണ്ണടച്ചു കാത്തിരിക്കാറെ ഉള്ളൂ.

13. മോഡി കുളിക്കാന്‍ കൊണ്ടുവച്ച പാത്രം പിന്നീട് മലമ്പുഴ
ഡാം എന്ന് അറിയപ്പെട്ടു......!!

എന്‍റെ വീടിന്‍റെ ആത്മഗതം...

ഞാനെന്‍റെ സ്വന്തം വീടിന്‍റെ സ്വച്ഛന്ദ ശീതളിമയിലെ ലാളിത്തത്തിന്‍റെ ലോലുപതയിലെ ദാരിദ്ര്യരേഖയിലേക്ക് മടങ്ങിയെത്തി...

നിരാശകളേ ഇനി നിങ്ങള്‍ക്ക് വിട... 
മേലാല്‍ ഇങ്ങോട്ട് ഇനി വലിഞ്ഞു കയറി വന്നേക്കരുത്.....

നിരാശകളെ ഇന്നലെത്തന്നെ ഞാന്‍ പരലോകത്തെക്ക് പറപറപ്പിച്ചു.. എന്‍റെ സ്പെഷ്യല്‍ ഡോക്റ്ററുടെ ഒരു അഞ്ച് മിനിറ്റ് സ്പെഷ്യല്‍ തെറാപ്പിയിലൂടെ....അതാര്‍ക്കും ഞാന്‍ പറഞ്ഞു തരൂല്ലാ... എനിക്കും എന്‍റെ ഡോക്റ്റര്‍ക്കും മാത്രം അറിയാവുന്ന ഒരു രഹസ്യം..

എന്‍റെ വീടിന്‍റെ ആത്മഗതം: 'ഞാനെന്‍റെ സ്വന്തം വീട്ടിലേക്കു മടങ്ങി വന്നത്രേ'.. ചുമ്മാതാ.. ഇതിവള്‍ മാസം തോറും വാടക കൊടുത്തു താമസിക്കുന്ന വീടാ.. സ്വന്തം വീട് പോലും.....
ഈ ശ്രീജ നായര്‍ പേരും കള്ളിയാ...

നാട്ടില്‍ വലിയ തറവാട് വീടുണ്ടെന്നൊക്കെയാ പറച്ചില്.. ആര്‍ക്കറിയാം...

എന്‍റെ ചില വേണ്ടാത്ത തോന്നലുകള്‍-ചിലപ്പോള്‍ വേണ്ടവയും.....

കഴിഞ്ഞ രണ്ട് ദിവസങ്ങളായി എനിക്ക് ചില പ്രത്യേക തോന്നലുകള്‍... 

ജീവിതത്തില്‍ ഈ ജന്മത്തില്‍ ചെയ്യേണ്ടവയെല്ലാം ചെയ്തു കഴിഞ്ഞു എന്ന്.

കഴിയുന്നതും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല.

ട്രസ്റ്റില്‍കൂടെയും അല്ലാതെയും പറ്റുന്നവരെയൊക്കെ എന്നെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ സഹായിച്ചിട്ടുണ്ട്.

അന്‍പതോളം വൃക്ക രോഗികള്‍ക്ക് കഴിഞ്ഞ നാലുവര്‍ഷമായി .മാസം തോറും ഡയാലിസിസ് ചെയ്യാനുള്ള സഹായം കൊടുക്കാന്‍ സാധിക്കുന്നു. ഫെയിസ്ബുക്കിലെ പോസ്റ്റുകളിലൂടെയും അല്ലാതെയും പലര്‍ക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും മറ്റും സഹായം എത്തിക്കാന്‍ സാധിച്ചു.. ഇവരൊക്കെ ഇടയ്ക്കു എന്നെ കാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന ആ ഒരു പ്രത്യേക പ്രകാശവും കയ്യില്‍ വന്നു പിടിച്ച് നെഞ്ചോട്‌ ചേര്‍ത്ത് എന്നും ഞങ്ങളുടെ പ്രാര്‍ഥനയില്‍ മാഡം ഉണ്ടാകും എന്നൊക്കെ കേള്‍ക്കുന്നതും മാത്രം പോരെ എന്‍റെ ജന്മം സഫലമാകാന്‍.

ആവശ്യക്കാര്‍ക്ക് രക്തം സമയത്ത് എത്തിക്കാന്‍ എന്‍റെ പോസ്റ്റുകള്‍ ഉപകാരപ്പെട്ടു..

നൂറിനടുത്ത്‌ ആളുകള്‍ക്ക് ഫെയിസ്ബുക്കിലൂടെയും അല്ലാതെയും ജോലി ശരിയാക്കി കൊടുക്കാന്‍ സാധിച്ചു.

പല കുട്ടികള്‍ക്കും പഠന സാമ്പത്തിക സഹായം എത്തിക്കാനായി..

അനോര, സേവനം എന്നീ പ്രവാസി സംഘടനകളുടെ കോഡിനെറ്റര്‍ ആയി പ്രവര്‍ത്തിച്ച്‌ 200 ലധികം പാവപ്പെട്ട പെണ്‍ക്കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യം ഉണ്ടാക്കാന്‍ സഹായിയായി. അവരില്‍ പലരും ഇപ്പോഴും ഫോണില്‍ വിളിച്ചു നന്ദി വീണ്ടും വീണ്ടും അറിയിക്കുമ്പോള്‍ നമ്മള്‍ ജീവിതത്തില്‍ മറ്റെന്തൊക്കെ നേടിയാലും കിട്ടാത്ത സന്തോഷം അനുഭവിക്കാന്‍ സാധിക്കാറുണ്ട്.

കുടുംബത്തിലും എന്നെക്കുറിച്ച് ആരും ദോഷം പറയുമെന്ന് തോന്നുന്നില്ല. എന്‍റെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ എന്നെക്കൊണ്ട് പറ്റുന്ന വിധത്തില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒന്നിലും കുറ്റബോധവും ഇല്ല.

സുഹൃത്തുക്കള്‍ക്കും ഒരു ഉപകാരി എന്നെ എന്നെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നൂ..

പ്രൊഫഷണല്‍ ജീവിതത്തിലും ഞാന്‍ ഒരു വിജയം തന്നെ ആയിരുന്നു. ഇത്രയും മത്സരമുള്ള ഒരു ഫീല്‍ഡില്‍ ഈ പതിമൂന്നാം വര്‍ഷവും നല്ല തിരക്കില്‍ നില്‍ക്കുക എന്നത് ഒരു വിജയം തന്നെയല്ലേ.?

അതുപോലെ എനിക്ക് സ്വപ്‌നങ്ങള്‍ ഇല്ല...ആഗ്രഹങ്ങളും ഇല്ല..നിരാശയും ഇല്ല...ഒരുവിധം ഞാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനുമായിട്ടുണ്ട്.ഇപ്പോള്‍ ഞാന്‍ കാറ്റിനനുസരിച്ച് തുഴയുന്നു. എത്തുന്നിടത്ത് എത്തട്ടെ എന്ന ചിന്തയില്‍...

എല്ലാംകൊണ്ടും എന്‍റെ ജീവിതത്തെ പോസിറ്റീവ് ആയി മാത്രമേ ആളുകള്‍ കാണൂ...എനിക്ക് മാത്രം അറിയാവുന്ന ചില ചെറിയ പോരായ്മകള്‍ ഒഴിവാക്കിയാല്‍ എന്‍റെ ജീവിതം ഒരു തികഞ്ഞ വിജയം തന്നെയാണ്. ആ പോരായ്മകളില്‍ എനിക്ക് ഒട്ടും കുറ്റബോധവും ഇല്ല.

ഈ ചിന്തകളൊക്കെ കടന്നു വന്നത് കഴിഞ്ഞ ദിവസത്തെ എന്‍റെ ട്രെയിന്‍യാത്ര വേളയില്‍ ആണ്....അതും വര്‍ക്കലക്കും പരവൂരിനും ഇടക്കുള്ള ഇടവ കായല്‍ കണ്ടപ്പോള്‍...

എനിക്കെന്നും കായലും കടലും പുഴകളും വളരെ വളരെ ഇഷ്ടമാണ്.കപ്പല്‍ യാത്ര ഒഴികെ കടലിലൂടെയും കായലിലൂടെയും പുഴകളിലൂടെയും ധാരാളം യാത്രകളും നടത്തിയിട്ടുണ്ട്

വേളികായലും , വെള്ളായണി കായലും, പാതിരാമണല്‍ തീരത്തുകൂടിയുള്ള യാത്രയും, കുമരകം കായലുമൊക്കെ ഇഷ്ടമാണെങ്കിലും എന്‍റെ കണ്ണില്‍ ഏറ്റവും സുന്ദരി ഇടവ കായലാണ്. ആ സൌന്ദര്യം ദിവസങ്ങളോളം കണ്ണില്‍ നിന്നും മനസ്സില്‍ നിന്നും മായില്ല.

എന്‍റെ ഹിമാലയന്‍ യാത്ര വേളകളില്‍ ആണ് വെള്ളത്തിന്‍റെ സൌന്ദര്യം ഞാന്‍ പൂര്‍ണ്ണമായും ആസ്വദിച്ചത്. പ്രത്യേകിച്ചും പ്രയാഗുകളില്‍..( പല നദികള്‍ ഗംഗയുമായി ഒരുമിച്ചു ചേരുന്നയിടം)

ഗൌരിപ്രയാഗില്‍ ആണെന്ന് തോന്നുന്നു ഗംഗയുടെ കുറുകെയുള്ള ഒരു തൂക്കു പാലത്തില്‍ നിന്നും താഴേക്കു നോക്കുമ്പോള്‍ ഉള്ള ആ പാല്‍ നിറത്തില്‍ വന്യതയോട് കുതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ സൌന്ദര്യം കണ്ടു മതിമയങ്ങിയത്..

ശരിക്കും ഒരു നിമിഷം ചിന്തിച്ചു പോയി ആ വന്യ സൌന്ദര്യത്തിലേക്ക് എടുത്ത് ചാടാന്‍.. ആത്മഹത്യചെയ്യുകയായിരുന്നില്ല ഉദ്ദേശ്യം.. ആ സൌന്ദര്യത്തില്‍ അങ്ങ് ലയിച്ചു ചേരാന്‍...ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പലരോടും ഞാന്‍ എന്‍റെ ഈ തോന്നല്‍ പറഞ്ഞു- സ്വാമിജിയോടുള്‍പ്പെടെ..അപ്പോഴാണ് മനസ്സിലായത് ഇത് എന്‍റെ മാത്രം തോന്നലുകള്‍ അല്ല എന്ന്. ആത്മീയതയും സൌന്ദര്യബോധവും അല്‍പ്പമെങ്കിലും മനസ്സിലുള്ള ആര്‍ക്കും ഇത് തോന്നാം....

എന്‍റെ വളരെ അടുത്ത സുഹൃത്തിനോട് എന്‍റെ ഈ തോന്നല്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇനി നീ ഹിമാലയയാത്ര സ്വപ്നം കാണേണ്ട എന്നായിരുന്നു.

ഉത്തരകാശിയില്‍ ഗംഗയുടെ തീരത്തുള്ള തപോവന്‍ കുടിയിലും ഇത്തരത്തില്‍ ഉള്ള ഒരു സ്ഥലമുണ്ട്- " സൂര്യകുണ്ട്" .. വളരെ മനോഹരമായ ഒരു ആശ്രമം..തപോവന സ്വാമികളുടെ ശിഷ്യനായ ചിന്മയാനന്ദ സ്വാമികളാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഗുരു.. അതുകാരണം ഞങ്ങള്‍ക്ക് അവിടെ കുറെ നേരം ചിലവഴിക്കാന്‍ സാധിച്ചു....തപോവന്‍ കുടിയുടെ മുന്നിലായാണ് സൂര്യകുണ്ട് ... ഗംഗാനദി വന്നു ശക്തമായി പതിക്കുന്നിടമാണ് ഇവിടം.. .മുഴുവന്‍ പാറകള്‍ ആണ്.. അതും നല്ല വെളുത്ത പാറകള്‍.. ഗംഗാനദി വന്നു പതിക്കുന്നിടത്തെ പാറക്കു ശിവ ലിംഗത്തിന്‍റെ ആകൃതിയാണ്..ഗംഗാ നദി ശിവ ലിംഗത്തിലേക്ക് പതിക്കുന്നു എന്നാണു സങ്കല്പം..

വെള്ളം ശക്തിയായി പതിക്കുന്നതിനിടക്ക് മനോഹരമായ ഒരു കാഴ്ച്ച കാണാം..ഇടക്കിടക്കുണ്ടാകുന്ന മഴവില്ലുകള്‍... അതിമനോഹരമാണ് ആ കാഴ്ച്ച.. നോക്കി നില്‍ക്കുമ്പോഴേക്കും അത് മാഞ്ഞുപോകും..വീണ്ടും വരും....

ഈ ശക്തമായ വെള്ളപ്പാച്ചില്‍ കണ്ടപ്പോഴും അതിലേക്കു ചാടാനുള്ള ആഗ്രഹം വീണ്ടും എനിക്കുണ്ടായി.

അതുപോലെ കഴിഞ്ഞ ദിവസം ഇടവ കായലിന്‍റെ സൌന്ദര്യത്തിലേക്കും ലയിച്ചു പോകാന്‍ തോന്നി.

ഇതൊക്കെ വായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം ഇതൊരു ആത്മഹത്യ കുരിപ്പാണോ എന്ന്.. അല്ലെ അല്ല. എന്‍റെ ചില തോന്നലുകള്‍ മാത്രം.

പക്ഷെ എനിക്ക് എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്നു തോന്നിയാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം ഇതുതന്നെയാകും.

അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ആഗ്രഹിച്ച ഒരു കാര്യം മാത്രം നടക്കാതെ വരും - എന്‍റെ "അവയവദാന സമ്മത പത്രം" .. വെള്ളത്തില്‍ വീണു അഴുകിയ ശരീരത്തിലെ അവയവങ്ങള്‍ ആര്‍ക്കു വേണം....

വാല്‍ക്കഷണം : ഇതിനു വരുന്ന പല കമന്‍റുകളും എനിക്ക് മുന്‍കൂട്ടി പറയാന്‍ പറ്റും.. ഊളന്‍ പാറയിലോ കുതിരവട്ടത്തോ ഉടന്‍ പോവുക എന്ന്..

ഊളന്‍പാറയിലെ ദേശീയ മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസറും സൈക്യാട്രിസ്റ്റുമായ ഡോക്റ്റര്‍ .കിരണ്‍ എന്‍റെ അടുത്ത സുഹൃത്താണ്. ഇവിടെ എഫ്.ബി.യിലും അദ്ദേഹം എന്‍റെ സുഹൃത്തായുണ്ട്. അദ്ദേഹത്തോട് ശ്രീജയ്ക്ക് വല്ല കുഴപ്പവും ഉണ്ടോന്ന് ചോദിച്ചാല്‍ പറയും ശ്രീജയ്ക്ക് മാത്രമല്ല എനിക്കും ഇങ്ങനൊക്കെ പലപ്പോഴും തോന്നീട്ടുണ്ടെന്ന്...

'നീ സ്വന്തമാക്കാനാഗ്രഹിക്കുന്നത് ഒരിക്കലും നിനക്ക്‌ സ്വന്തമാക്കാനാകില്ല.....

'നീ സ്വന്തമാക്കാനാഗ്രഹിക്കുന്നത് ഒരിക്കലും നിനക്ക്‌ സ്വന്തമാക്കാനാകില്ല.....

കാരണം അത് നിന്നെ വളരെ മുന്നേതന്നെ സ്വന്തമാക്കിയിരിക്കുന്നു..'.

(ശൂ.. ഇതൊക്കെ നേരത്തെ പറയേണ്ടേ,,ഞാന്‍ മനസ്സിലാക്കാന്‍ വളരെ താമസിച്ചുപോയി..)

എന്നെ സ്വന്തമാക്കിയ സ്ഥിതിക്ക് ഇനി ഞാന്‍ എന്തോ ചെയ്യും എന്‍റെ ഭഗവാനെ,,കാത്തോണേ,,,

മാനം തെളിഞ്ഞു...

ആകാശത്തിലുണ്ടായിരുന്ന കാര്‍മേഘങ്ങളൊക്കെ ഒരു വിധം പോയി മറഞ്ഞു. മാനം തെളിഞ്ഞു - ഒപ്പം മാനത്ത് മഴവില്ലും കണ്ടു തുടങ്ങി...ഒരു ചെറു കാറ്റിനും ഒരു ചാറ്റല്‍ മഴയ്ക്കുമായുള്ള കാത്തിരിപ്പിലാണ് ഞാനിപ്പോള്‍...

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ "

എനിക്ക് പലപ്പോഴും ഒരേ തരത്തിലുള്ള ചില ഇന്‍ബോക്സ് മെസ്സേജുകള്‍ പലരുടെ അടുത്തുനിന്നും കിട്ടാറുണ്ട്. കൂടുതലും ചെറുപ്പക്കാര്‍. പ്രശ്നം ഇതാണ്.." എനിക്ക് സുഹൃത്തുക്കള്‍ ആരുമില്ല. ഞാന്‍ തനിച്ചാണ്..സംസാരിക്കാന്‍ ആരുമില്ല..എന്നോടൊന്നു ചാറ്റ് ചെയ്തൂടേ?

അപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു..എന്താ ഇവര്‍ക്ക് നല്ല സുഹൃത്തുക്കളെ കിട്ടാത്തതെന്ന്..

പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ മനസ്സിലാക്കുന്നു.. നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും നമുക്ക് ഏകാന്തത ഉണ്ടാകാം എന്ന്.

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ " എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍.ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു റൂമില്‍ തനിച്ചായ അവസ്ഥ..

ഏകാന്തത എന്താണെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. വീട്ടില്‍ തനിച്ചാകുന്ന അവസരങ്ങളിലും ഇതുപോലുള്ള ഒരു ഫീല്‍ ഇല്ല - സ്വന്തം വീടായിട്ടാകും..

ഈ ഒരു സാഹചര്യം മുന്നില്‍ കണ്ടു ഒരു കേട്ട് പുസ്തകങ്ങളും എഫ്.എം. റേഡിയോയും ഒക്കെ ആയാണ് വരവെങ്കിലും ഒന്നിനും ഒരു മൂഡില്ല..

ഇപ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരെകുറിച്ച് സീരിയസ്സായി ചിന്തിച്ചുപോയത്.. എന്നെ സംബന്ധിച്ചിടത്തോളം എപ്പോള്‍ വേണമെങ്കിലും എന്‍റെ ഈ മൂഡ്‌ മാറാം. പക്ഷെ അവര്‍ക്കോ?.. ഭര്‍ത്താവോ ഭാര്യയോ മരിച്ചവര്‍- സ്വന്തം എന്ന് പറയാന്‍ ആരും ഇല്ലാത്തവര്‍- ഇവരുടെയൊക്കെ അവസ്ഥ എപ്പോഴെങ്കിലും നമ്മള്‍ ചിന്തിക്കാറുണ്ടോ?

ഇനി ജീവിതത്തില്‍ ഒരു കൂട്ട് ഉണ്ടാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തവര്‍.. അവരുടെയൊക്കെ ജീവിതം എന്ത് ഭീകരമായിരിക്കും. പക്ഷെ അവരുടെ ഈ ഫ്രീ ടൈം ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ ധാരാളം ഉണ്ടാകാം.അതൊക്കെ ഒരു പോസിറ്റീവ് ചിന്തകള്‍ ഉള്ളവരില്‍ മാത്രം. കൂടുതല്‍ ആള്‍ക്കാരും ഇങ്ങനെ ഒരു അവസ്ഥ വരുമ്പോള്‍ നിരാശയിലേക്കും വിഷാദത്തിലേക്കും മാറിപ്പോകും.

ഈ ഫെയിസ്ബുക്കിലൂടെ തന്നെ എത്രയോ പേര്‍ അവരുടെ ഏകാന്തത മാറ്റിയെടുക്കുന്നുണ്ടാകണം.പക്ഷെ അവിടെയും അതിനുള്ള മാനസികാവസ്ഥ വേണം.. ആ ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നത് ഒരു എളുപ്പകാര്യമല്ല.. എന്നാല്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. നമ്മുടെ മനസ്സിന് അത്രക്കും ശക്തിയുണ്ട്..

രണ്ടു ദിവസത്തേക്കെങ്കിലും ഒറ്റപ്പെടല്‍ എന്താണെന്ന് എനിക്ക് മനസ്സിലായപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ തീര്‍ച്ചയായുംജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തിയേ തീരൂ എന്ന് എനിക്ക് തോന്നി. കാരണം ഈ ഏകാന്തത- ഒറ്റപ്പെടല്‍ അത്രക്കും ഭീകരമാണ്. അത് അനുഭവിക്കുന്നവര്‍ക്കെ അതിന്‍റെ ഭീകരത മനസ്സിലാകൂ... പ്രത്യേകിച്ചും തിരക്കില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍..
 

എന്‍റെ ഇന്നത്തെ ഉച്ചഭക്ഷണം.....

എന്‍റെ ഇന്നത്തെ ഉച്ചഭക്ഷണം.....

സ്റ്റിക്കര്‍ ഒട്ടിച്ച ഈ ആപ്പിളുകള്‍ കാണുമ്പോള്‍ എനിക്കോര്‍മ്മ വരിക ലോറികളില്‍ നമ്പറിട്ട് നിര്‍ത്തി തമിഴ്നാട്ടില്‍ നിന്നും മറ്റും കൊല്ലാനായി കൊണ്ടുപോകുന്ന കാലികൂട്ടങ്ങളെയാണ്...

ഡോക്റ്ററെ ഓടിക്കാനായി ഞാന്‍ കാട്ടുന്ന ഓരോരോ അഭ്യാസങ്ങളേ...

An apple A Day Keep the Doctor Away....
 

നാളെ വിഷു.....

നാളെ വിഷു.....

ഞാന്‍ നാട്ടിലില്ലാത്തത് കാരണം കണിയായി സ്വന്തം മുഖം തന്നെ കണ്ണാടിയില്‍ കാണേണ്ടി വരുമെന്നാണ് തോന്നുന്നത്.. എന്‍റെ ഈ വരുന്ന വര്‍ഷത്തെ ഫലം അങ്ങനാണേല്‍ ഈശ്വരന്‍ നിശ്ചയിക്കട്ടെ...

പക്ഷെ ഈശ്വരാ.. കാര്യങ്ങള്‍ ഒക്കെ അറിയാമല്ലോ.. ചതിച്ചേക്കരുതേ...

വിഷു ആഘോഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ആഘോഷങ്ങളില്‍ വ്യത്യസ്ഥതകള്‍ ഉണ്ടെന്നാണ് അവിടങ്ങളില്‍ ഉള്ള സുഹൃത്തുക്കള്‍ പറയാറ്..

തിരുവനന്തപുരത്ത് കണിയൊരുക്കുന്നതിലും വിഷുക്കൈനീട്ടം കൊടുക്കുന്നതിലും ആഘോഷങ്ങള്‍ ഒതുങ്ങുന്നു എന്നാണു എന്‍റെ അറിവ്.

ഫെബ്രുവരി മാസം മുതല്‍ പൂത്തുതുടങ്ങുന്ന കണിക്കൊന്നകള്‍ മിക്കവാറും വിഷു ആകുമ്പോള്‍ ദാരിദ്ര്യമേഖലയില്‍ ആകുമെന്നതാണ് സാധാരണ കണ്ടുവരുന്ന പതിവ്.. ഈ വര്‍ഷം മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടായി എന്നാണു എനിക്ക് തോന്നുന്നത്.മാര്‍ച്ച് അവസാനത്തോടെ തന്നെ റോഡുകളുടെ ഓരങ്ങളിലും വീടുകളിലുമൊക്കെ മഞ്ഞ കണിക്കൊന്ന പൂക്കളുടെ ധാരാളിത്തമായിരുന്നു. പക്ഷെ വിഷു തലേന്ന് പലപ്പോഴും അമിത വിലകൊടുത്ത് പൂക്കള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇന്നും അതിനു മാറ്റമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

രാത്രി കണി ഒരുക്കി വച്ച് കഴിഞ്ഞാല്‍ പിന്നെ വെളുപ്പിനെയുള്ള കണികാണലും വിഷുക്കൈനീട്ടം വാങ്ങലും കൊടുക്കലുമോക്കെയായി ആഘോഷങ്ങള്‍ തീരും. ഈയിടെയായി പടക്കം പൊട്ടിക്കുന്ന ഒരു ചടങ്ങുകൂടി തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. അതുപോലെ കണിയൊരുക്കി വീടുവീടാന്തരം കൊണ്ട് നടന്നു കണി കാണിക്കുന്ന ഒരു സംഘവും കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടില്‍ കണ്ടിരുന്നു.. ഒരു സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ആകണം ഇത്. ചെറിയ പിള്ളേര്‍ ആണ് ഇതിന്‍റെ പ്രായോജകര്‍..ചെറിയ ഇന്‍വെസ്റ്റ്‌മെന്‍റില്‍ ഉള്ള ഒരു ചെറിയ ബിസിനസ്സ് സംരംഭം..

പിന്നെ ഉച്ചക്കുള്ള വിഷു സദ്യയോടെ ഞങ്ങളുടെ നാട്ടിലെ വിഷു അവസാനിക്കുന്നു. സദ്യ എന്ന് പറയുമ്പോള്‍ അത് ഒരു ഓണസദ്യയോന്നും അല്ല.. ചെറിയ രീതിയില്‍ ഉള്ള ഒരു സദ്യ..

പക്ഷെ കേരളത്തിലെ ഓരോ ജില്ലകളിലും ഈ ആഘോഷങ്ങള്‍ വ്യത്യസ്ഥമായിരിക്കും.. എന്തിനാണ് വിഷു ആഘോഷിക്കുന്നത് എന്ന് പോലും പലര്‍ക്കും അറിവുണ്ടാകില്ല.. എനിക്കിവിടെ എല്ലാ ജില്ലക്കാരും സുഹൃത്തുക്കള്‍ ആയുണ്ടല്ലോ.. നിങ്ങളുടെ നാട്ടിലെ ആഘോഷങ്ങള്‍ ഇവിടെ എഴുതൂ.. എല്ലാവരും അറിയട്ടെന്നേ...

വിഷു ബിരിയാണി...

എന്‍റെ ഈ വര്‍ഷത്തെ വിഷു എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല

ഞാന്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്നവരുടെ ഒപ്പം
ഇന്നലെ പാലട പ്രഥമനും പഴ പ്രഥമനും കൂട്ടി നല്ലൊരു വിഷു ബിരിയാണി കഴിച്ചു ..

ഞാന്‍ കഴിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും രുചിയുള്ള പ്രഥമനും ബിരിയാണിയുമായിരുന്നു അത്..
 

മാസമുറയും അമ്പലത്തിൽ പോകുന്നതും ......

കഴിഞ്ഞ ദിവസം എന്‍റെ ഒരു സുഹൃത്ത് എന്നോടൊരു ചോദ്യം ചോദിച്ചു...മാസമുറ (മെന്‍സസ്) സമയത്ത് എന്താണ് സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകാത്തതെന്ന്‍...

ഞാനും മുന്‍പ് ആലോചിച്ചിരുന്ന ഒരു വിഷയമാണിത്...അതിന് ഞാന്‍ കണ്ടെത്തിയ കുറേ കാരണങ്ങളും ഉണ്ട്...

പണ്ടുകാലത്ത് സ്ത്രീകള്‍ക്ക് കൂട്ടുകുടുംബങ്ങളില്‍ നിന്നുതിരിയാനുള്ള സമയം പോലും ഉണ്ടാകില്ല. അവര്‍ക്ക് ആകെ കിട്ടുന്ന വിശ്രമം എന്നത് മാസമുറ സമയത്തുള്ള ഏഴ് ദിവസമാണ്.അന്ന് അവര്‍ വീടുകളില്‍ നിന്നും മാറി കുളിപ്പുരയോടു ചേര്‍ന്നുള്ള മറപ്പുരകളിലും മറ്റും താമസിക്കും. എല്ലാ ജോലികളില്‍ നിന്നും ഒഴിഞ്ഞുമാറിയാകും ഈ വിശ്രമം.

അന്നത്തെക്കാലത്ത്‌ സാധാരണ സ്ത്രീകളുടെ ഒരു ദിവസം തുടങ്ങുക രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി തൊഴുത്‌ മടങ്ങുന്നതോടെയാകും. അപ്പോള്‍ ഈ വിശ്രമ വേളയില്‍ അമ്പലത്തില്‍ പോകുന്നതിനും ഒരു വിശ്രമം കൊടുത്തിട്ടുണ്ടാകും.

പിന്നെ - ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ശാരീരികമായി ഒരു വൃത്തിയില്ലായ്മ തോന്നുന്ന സമയമാണ്. എത്ര കുളിച്ചാലും അത് തോന്നും. അതും ഒരു കാരണമാകാം.

അതുപോലെ അമ്പലങ്ങളില്‍ പോകുമ്പോള്‍ നമുക്കെപ്പോഴും ഒരു പോസിറ്റീവ് ഊര്‍ജമാകും ഉണ്ടാവുക. ഒപ്പം അവിടെ നിന്നും കിട്ടുന്നതും പോസിറ്റീവ് ഊര്‍ജമാകും.. സാധാരണ നമ്മള്‍ കുളിച്ച് ഈറനോടെ അമ്പലത്തില്‍ പോകുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജം നമുക്ക് കിട്ടാറുണ്ട്. മനസ്സിന്‍റെ ശുദ്ധി മതി അമ്പലങ്ങളില്‍ പോകാന്‍ എന്നൊക്കെ പറഞ്ഞാലും ഈ ഒരു ഊര്‍ജം കിട്ടണമെങ്കില്‍ കുളിച്ച് തന്നെ പോകണം.മെന്‍സസ് സമയത്ത് കുളിച്ച് പോയാലും ഈ ഒരു ഊര്‍ജത്തിന്‍റെ കുറവ് നമുക്ക് നന്നായി അനുഭവപ്പെടും .

നമുക്കുള്ളിലെ ശക്തി തന്നെയാണ് അമ്പലങ്ങള്‍ക്കുള്ളില്‍ ഉള്ളതെന്നറിഞ്ഞാലും , നമ്മുടെ പ്രാര്‍ഥനകളിലൂടെയാണ് ഈ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതെന്നറിഞ്ഞാലും ശാരീരിക വൃത്തി യില്ലാതെ അമ്പലങ്ങളില്‍ പോകാന്‍ മനസ്സ് അനുവദിക്കാറില്ല.

മെന്‍സസ് സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ( അല്ലെങ്കില്‍ ഉണ്ടാകുന്നതായി തോന്നുന്ന) വൃത്തിക്കുറവ് അവരിലെ പോസിറ്റീവ് ഊര്‍ജത്തെ സാരമായി കുറയ്ക്കും..ഇതൊക്കെ പഴമക്കാര്‍ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാകണം ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകുന്നതില്‍ നിന്നും ഒഴിവാക്കിയത്..

ഇത് എന്‍റെ കാഴ്ച്ചപ്പാടാണ്... ഇതിനെക്കുറിച്ച് നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോ...

"ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.എന്നാല്‍ പലതിനും ഒരു പരിഹാരമാണ്"

"ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല..

എന്നാല്‍ .. പലതിനും ഒരു പരിഹാരമാണ്"

ഇന്നെന്നോട് ഒരു സുഹൃത്ത് ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് sസംസാരിച്ചു.. അപ്പോള്‍ കൂടെ എനിക്കും ആത്മഹത്യ ചെയ്താലോ എന്നൊരു ആഗ്രഹം തോന്നി..

ജീവിതത്തിന്‍റെ തിരിച്ചടികള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുമ്പോള്‍ 

ഒരിക്കലും പ്രതീക്ഷിക്കാത്ത പെരുമാറ്റങ്ങള്‍ വേണ്ടപ്പെട്ടവരില്‍ നിന്നും ഉണ്ടാകുമ്പോള്‍..

കേള്‍ക്കാന്‍ ആഗ്രഹികാത്ത പല പല സത്യങ്ങളും തിരിച്ചറിയപ്പെടുമ്പോള്‍...

നമ്മള്‍ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരുന്നു പോകും..

ദുര്‍ബലമനസ്കര്‍ ഈ അവസരങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക സ്വാഭാവികം..

ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ ഉണ്ടെങ്കില്‍ പ്രാര്‍ഥനയും പ്രാണായാമവും മനസ്സിനെ കഠിനമാക്കാന്‍ ഒരു പരിധിവരെ സഹായിക്കും.

ഒന്ന് ശ്രമിച്ചുനോക്കൂ.....

യാത്ര തുടരണമോ?.. കണ്‍ഫ്യുഷൻ

യാത്രകള്‍ എനിക്ക് വലിയ ഇഷ്ടമാണ്..അങ്ങനെയുള്ള ഒരു വലിയ യാത്രയുടെ പകുതിവഴിക്കാണ് ഞാനിപ്പോള്‍.. 

യാത്ര ഇവിടെ വച്ച് അവസാനിപ്പിച്ചു മടങ്ങി പോകണമോ അതോ തുടരണമോ എന്ന കണ്‍ഫ്യുഷനില്‍ ആണിപ്പോള്‍ ഞാന്‍.. റോഡുകള്‍ ഒട്ടും നല്ലതല്ല.. നിറയെ കുണ്ടും കുഴികളും..

ഈ ദുരിതയാത്രയിലെ ടെന്‍ഷനുകള്‍ ഒഴിവാക്കി പകുതിക്ക് വച്ച് ഈ യാത്ര അവസാനിപ്പിക്കണോ...?

അതോ എന്ത് ത്യാഗങ്ങള്‍ സഹിച്ചും ഈ യാത്ര അങ്ങ് പൂര്‍ത്തിയാക്കണമോ?

ഈ ദുഃഖ വെള്ളിയാഴ്ച എനിക്കും ദുഖത്തിന്‍റെതായിരുന്നു. ഞായറാഴ്ചയിലെ തിരു ഉയര്‍ത്തെഴുനേല്‍പ്പുപോലെ എനിക്കും ഒരു ഉയര്‍ത്തെഴുനേല്‍പ്പ് അന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു... ആമേന്‍

ഈ ദുഃഖ വെള്ളിയാഴ്ച എനിക്കും ദുഖത്തിന്‍റെതായിരുന്നു. ഞായറാഴ്ചയിലെ തിരു ഉയര്‍ത്തെഴുനേല്‍പ്പുപോലെ എനിക്കും ഒരു ഉയര്‍ത്തെഴുനേല്‍പ്പ് അന്നുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു... ആമേന്‍ 

സംഭവാമി യുഗേ യുഗേ......

"സംഭവിച്ചതെല്ലാം നല്ലതിന്...
സംഭവിച്ചുകൊണ്ടിരിക്കുന്നതും നല്ലതിന്
ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്..."

ഈശ്വരനറിയാം നമുക്കെന്താണ് വേണ്ടതെന്ന്‍. ഇതുവരെ എല്ലാം തന്നപോലെ ഇനിയും അദ്ദേഹം നമുക്ക് വേണ്ടതെല്ലാം തരും..

ഇന്നലെ സംഭവിച്ചതിനെ കുറിച്ചോ, നാളെ സംഭവിക്കാന്‍ പോകുന്നതിനെ കുറിച്ചോ ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട...

ടെന്‍ഷന്‍ അടിച്ചാലും സംഭാവിക്കേണ്ടാതെല്ലാം സംഭവിച്ചേ തീരൂ...

സംഭവാമി യുഗേ യുഗേ......

എന്റെ .ചില വല്ലാത്ത ചിന്തകൾ ....

ഇന്നലെ രാത്രി ഏകദേശം ഒരു ഒന്‍പത് മണിയായപ്പോള്‍ ഞാന്‍ ഉറങ്ങി..നല്ല യാത്രാ ക്ഷീണം ഉണ്ടായിരുന്നു. പാതിയുറക്കത്തില്‍ എന്‍റെ മുന്നില്‍ ഏതോ ഒരു ദൈവം പ്രത്യക്ഷപ്പെട്ടു... ( രൂപം കണ്ടില്ല- ശബ്ദമേ കേട്ടുള്ളൂ)

ദൈവം എന്നോട് ചോദിച്ചു' ശ്രീജ മോളേ നിനക്കെന്തെങ്കിലും വിഷമം ഉണ്ടോന്ന്'... ഞാന്‍ പറഞ്ഞു' ഇല്ലല്ലോ.. എന്തെ ഇങ്ങനെ ചോദിക്കാന്‍ കാരണം?' പിന്നെ അങ്ങേക്ക് ഞാന്‍ പറയാതെ തന്നെ അറിയാമല്ലോ എനിക്ക് വല്ല വിഷമോംഉണ്ടോന്ന്.. ചുമ്മാ നമ്പര്‍ ഇറക്കല്ലേ എന്നും ഞാന്‍ പറഞ്ഞു"..

ദൈവം അത് കേട്ട് അങ്ങ് പൊട്ടി ചിരിച്ചു.. അടുത്ത വീട്ടിലുള്ളവര്‍ കേട്ടോ ആവോ? എന്നാല്‍ പിന്നെ പുതിയ അവിഹിതകഥകള്‍ ഇറങ്ങും...

പിന്നെ എന്നോട് ചോദിച്ചു "മോള്‍ക്ക്‌ എന്തേലും വരം വേണോന്ന്?"

അപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ടെന്‍ഷനും വിഷമങ്ങളുമൊന്നും താങ്ങാനുള്ള ഒരു മനസ്സില്ല.അതുകൊണ്ട് എന്‍റെ ജീവിതത്തില്‍ നിന്നും ഇത്തരം ടെന്‍ഷനും വിഷമങ്ങളും ഒക്കെ ഒഴിവാക്കി തരണമെന്ന്:.

അപ്പോള്‍ ദൈവം പറഞ്ഞു " മനുഷ്യനായാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒക്കെ ഉണ്ടാവുക സ്വാഭാവികം.. പക്ഷെ നിനക്ക് ഞാന്‍ ഒരു വരം തരാം.. നിനക്ക് ടെന്‍ഷനോ വിഷമങ്ങളോ വന്നാല്‍ എന്നെ മനസ്സില്‍ ധ്യാനിച്ചോളൂ... എല്ലാം ശരിയാകും"..എന്ന് പറഞ്ഞു ആളങ്ങു മുങ്ങി...

എനിക്കൊരു അബദ്ധം പറ്റി.. ആളിന്‍റെ പേര് ചോദിച്ചില്ല...

ഇനി വിഷമം വരുമ്പോള്‍ ആരെ ധ്യാനിക്കും എന്ന കണ്‍ഫ്യുഷനില്‍ കണ്ണ് തുറന്ന് ബെഡ് റൂമില്‍ നിന്നും ഡൈനിംഗ് ഹാളിലേക്ക് വന്നപ്പോള്‍ അതാ ഇരിക്കുന്നു.. ഒരു പാക്കറ്റ് നല്ല ചൂടുള്ള ഉണ്ണിയപ്പം.

കള്ളനെ പിടികിട്ടീ......എന്‍റെ ഉണ്ണി ഗണപതിയേ........കൊട്ടാരക്കരയില്‍ നിന്നുള്ള വരവായിരിക്കും ഉണ്ണിയപ്പം പാക്കറ്റുമൊക്കെ ആയിട്ട്.....

എന്ത് രുചിയായിരുന്നെന്നോ ആ ഉണ്ണിയപ്പത്തിന്. ഇന്നത്തെ എന്‍റെ ബ്രേക്ഫാസ്റ്റ് ആ ഉണ്ണിയപ്പമായിരുന്നു....

ഇന്നിനി അമ്പലപ്പുഴ കണ്ണന്‍ വന്നിരുന്നെങ്കില്‍ അമ്പലപ്പുഴ പാല്‍പായസം കിട്ടുമായിരുന്നു...


Monday 17 March 2014

നമ്മുടെ ജിവിതത്തിൽ ഉണ്ടായിട്ടുള്ള പല പ്രതിസന്ധികളിലേക്കും ഒന്ന് തിരിഞ്ഞു നോക്കിയാൽ പലപ്പോഴും അവയൊക്കെ പിന്നീട് നമ്മുടെ ജീവിതത്തിലെ നല്ല വഴിത്തിരിവുകളിലേക്ക് നമ്മെ വഴിതെളിച്ചിട്ടുണ്ടാകും .

ഇന്നലെ കൈരളി ചാനലിലെ ജെ.ബി ജങ്ങ്ഷനിൽ ജോണ്‍ ബ്രിട്ടാസിനോടൊപ്പം ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ചേച്ചി ആയിരുന്നു അതിഥി.അവരുടെ ജീവിതത്തിലെ ഉയർച്ച താഴ്ച്ചകളിലൂടെ കടന്നുപോയപ്പോൾ ആണ് ഇത്തരത്തിലുള്ള ഒരു തോന്നൽ എനിക്കുണ്ടായത്.

അവരുടെ കുടുംബ ജീവിതം തകർന്നപ്പോൾ നമുക്ക് നല്ലൊരു കലാകാരിയെ കിട്ടി. അവരുടെ സ്വകാര്യ ജീവിതത്തിൽ ദാമ്പത്യ തകർച്ച ഒരു വലിയ പ്രതിസന്ധി ആയിരുന്നെങ്കിലും വർഷങ്ങൾക്കു ശേഷം ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ ആ നഷ്ടം അവരെ മറ്റു ധാരാളം നേട്ടങ്ങളിലേക്ക് നയിച്ചിട്ടുണ്ടാകാം.

ഒന്ന് ചീഞ്ഞ് മറ്റൊന്നിന് വളമാകുക എന്ന് പറയുമ്പോലെ....

എന്റെ ജീവിതത്തിൽ എനിക്ക് അൽപ്പമെങ്കിലും വളരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിലേക്കു എന്നെ വഴിതെളിച്ചിട്ടുള്ളതും എനിക്കുണ്ടായ ഇത്തരം പ്രതിസന്ധിഘട്ടങ്ങൾ തന്നെയാണ്..

അന്ന് അതൊന്നും അഭിമുഖീകരിക്കാനാകാതെ പകച്ചു നിന്നെങ്കിലും ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ ദൈവം നമ്മെ മാറ്റിയെടുക്കാൻ തിരഞ്ഞെടുത്ത വഴികളായിരുന്നു അവയെന്ന് മനസ്സിലാക്കാനാകും. അതുകൊണ്ട് തന്നെ ഇപ്പോൾ എനിക്ക് വിഷമങ്ങൾ ഒന്നും അധികം ബാധിക്കാറില്ല. കാരണം അവ നാളേക്ക് നമുക്ക് നല്ലതായി തീരാനുള്ള എന്തിന്റെയെങ്കിലും സൂചനകൾ ആകുമെന്ന് ഇപ്പോൾ എനിക്ക് തിരിച്ചറിയാം.

നമുക്കുണ്ടായിട്ടുള്ള നഷ്ടങ്ങൾ ഓർത്ത് വേദനിക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ചിന്തിച്ച് നോക്കൂ.. ആ നഷ്ടങ്ങൾ ഒന്നും ഒരു നഷ്ടങ്ങൾ ആയിരുന്നില്ല എന്ന് മനസ്സിലാക്കാം..

നമ്മെ കൂടുതൽ ബോൾഡ് ആക്കാനും മനസ്സ് പക്വമാക്കാനുമുള്ള ദൈവത്തിന്റെ ഓരോ പഠന ക്യാമ്പുകൾ ആയിരുന്നിരിക്കും ഇവ ഓരോന്നും.. നമുക്ക് വിഷമങ്ങൾ സമ്മാനിച്ചവർ ആ ക്യാമ്പിൽ ദൈവം നിയോഗിച്ച നമ്മുടെ അധ്യാപകരും.. നമ്മൾ വെറും വിദ്യാർഥികൾ മാത്രം...

ഏറ്റവും നന്നായി ക്യാംബ് അറ്റെന്റ് ചെയ്യുന്നവരാകും ജീവിത വിജയം കൈവരിക്കുന്നത് അവരുടെ ജീവിതത്തിൽ അധ്യാപകരുടെ എണ്ണവും വളരെ കൂടുതൽ ഉണ്ടാകും.സ്വർണ്ണം ചുട്ടെടുക്കും പോലെ അധ്യാപകർ അവരെ . വേദനകളുടെ തീചൂളയിലിട്ടു ചുട്ടെടുക്കും.

പ്രതിസന്ധികളിൽ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നവർ ഒന്ന് ആലോചിക്കൂ ..

ഇത് ജീവിത വിജയത്തിലെ ഒരു ബാലപാഠം മാത്രമാണെന്ന്.

എന്നെ ഇങ്ങനെ ആയിത്തീർക്കാൻ ദൈവം കണ്ടെത്തിയ എല്ലാ അധ്യാപകരെയും ഞാൻ ആദരവോടെ ഈ സമയം ഓർക്കുന്നു