Friday 2 May 2014

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ "

എനിക്ക് പലപ്പോഴും ഒരേ തരത്തിലുള്ള ചില ഇന്‍ബോക്സ് മെസ്സേജുകള്‍ പലരുടെ അടുത്തുനിന്നും കിട്ടാറുണ്ട്. കൂടുതലും ചെറുപ്പക്കാര്‍. പ്രശ്നം ഇതാണ്.." എനിക്ക് സുഹൃത്തുക്കള്‍ ആരുമില്ല. ഞാന്‍ തനിച്ചാണ്..സംസാരിക്കാന്‍ ആരുമില്ല..എന്നോടൊന്നു ചാറ്റ് ചെയ്തൂടേ?

അപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു..എന്താ ഇവര്‍ക്ക് നല്ല സുഹൃത്തുക്കളെ കിട്ടാത്തതെന്ന്..

പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ മനസ്സിലാക്കുന്നു.. നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കിലും നമുക്ക് ഏകാന്തത ഉണ്ടാകാം എന്ന്.

"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ " എന്ന അവസ്ഥയിലാണ് ഇപ്പോള്‍ ഞാന്‍.ഒരു പ്രത്യേക സാഹചര്യത്തില്‍ ഒരു റൂമില്‍ തനിച്ചായ അവസ്ഥ..

ഏകാന്തത എന്താണെന്ന് ഇപ്പോഴാണ് ഞാന്‍ അറിയുന്നത്. വീട്ടില്‍ തനിച്ചാകുന്ന അവസരങ്ങളിലും ഇതുപോലുള്ള ഒരു ഫീല്‍ ഇല്ല - സ്വന്തം വീടായിട്ടാകും..

ഈ ഒരു സാഹചര്യം മുന്നില്‍ കണ്ടു ഒരു കേട്ട് പുസ്തകങ്ങളും എഫ്.എം. റേഡിയോയും ഒക്കെ ആയാണ് വരവെങ്കിലും ഒന്നിനും ഒരു മൂഡില്ല..

ഇപ്പോഴാണ് ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരെകുറിച്ച് സീരിയസ്സായി ചിന്തിച്ചുപോയത്.. എന്നെ സംബന്ധിച്ചിടത്തോളം എപ്പോള്‍ വേണമെങ്കിലും എന്‍റെ ഈ മൂഡ്‌ മാറാം. പക്ഷെ അവര്‍ക്കോ?.. ഭര്‍ത്താവോ ഭാര്യയോ മരിച്ചവര്‍- സ്വന്തം എന്ന് പറയാന്‍ ആരും ഇല്ലാത്തവര്‍- ഇവരുടെയൊക്കെ അവസ്ഥ എപ്പോഴെങ്കിലും നമ്മള്‍ ചിന്തിക്കാറുണ്ടോ?

ഇനി ജീവിതത്തില്‍ ഒരു കൂട്ട് ഉണ്ടാകുമെന്ന് ഒരു പ്രതീക്ഷയും ഇല്ലാത്തവര്‍.. അവരുടെയൊക്കെ ജീവിതം എന്ത് ഭീകരമായിരിക്കും. പക്ഷെ അവരുടെ ഈ ഫ്രീ ടൈം ഫലപ്രദമായി വിനിയോഗിക്കുന്നവര്‍ ധാരാളം ഉണ്ടാകാം.അതൊക്കെ ഒരു പോസിറ്റീവ് ചിന്തകള്‍ ഉള്ളവരില്‍ മാത്രം. കൂടുതല്‍ ആള്‍ക്കാരും ഇങ്ങനെ ഒരു അവസ്ഥ വരുമ്പോള്‍ നിരാശയിലേക്കും വിഷാദത്തിലേക്കും മാറിപ്പോകും.

ഈ ഫെയിസ്ബുക്കിലൂടെ തന്നെ എത്രയോ പേര്‍ അവരുടെ ഏകാന്തത മാറ്റിയെടുക്കുന്നുണ്ടാകണം.പക്ഷെ അവിടെയും അതിനുള്ള മാനസികാവസ്ഥ വേണം.. ആ ഒരു മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നത് ഒരു എളുപ്പകാര്യമല്ല.. എന്നാല്‍ വിചാരിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. നമ്മുടെ മനസ്സിന് അത്രക്കും ശക്തിയുണ്ട്..

രണ്ടു ദിവസത്തേക്കെങ്കിലും ഒറ്റപ്പെടല്‍ എന്താണെന്ന് എനിക്ക് മനസ്സിലായപ്പോള്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടവര്‍ തീര്‍ച്ചയായുംജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ എന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തിയേ തീരൂ എന്ന് എനിക്ക് തോന്നി. കാരണം ഈ ഏകാന്തത- ഒറ്റപ്പെടല്‍ അത്രക്കും ഭീകരമാണ്. അത് അനുഭവിക്കുന്നവര്‍ക്കെ അതിന്‍റെ ഭീകരത മനസ്സിലാകൂ... പ്രത്യേകിച്ചും തിരക്കില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍..
 

2 comments:

  1. " എകാന്തത ഒരു നല്ല കൂട്ടാണ്. എനിക്കിഷ്ടമാണ്, മൗനത്തിന്റെ ഇലച്ചില്ലകളിൽ പ്രകൃതിയുടെ ഒരാദിമ സൗഹൃദം കൂട്ടിനെത്താറുണ്ടല്ലോ " ഗിരി

    ReplyDelete
  2. ഏകാന്തത ഭയങ്കര ബോറിംഗ് ആണ്. HOME quarantine എന്ന അനുഭവം എന്നെ ഒരുപാട് അലോസര പെടുത്തി കൊണ്ടിരിക്കുന്നു.
    ശോകമൂകം.

    ReplyDelete