Friday 2 May 2014

എന്‍റെ ചില വേണ്ടാത്ത തോന്നലുകള്‍-ചിലപ്പോള്‍ വേണ്ടവയും.....

കഴിഞ്ഞ രണ്ട് ദിവസങ്ങളായി എനിക്ക് ചില പ്രത്യേക തോന്നലുകള്‍... 

ജീവിതത്തില്‍ ഈ ജന്മത്തില്‍ ചെയ്യേണ്ടവയെല്ലാം ചെയ്തു കഴിഞ്ഞു എന്ന്.

കഴിയുന്നതും അറിഞ്ഞുകൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല.

ട്രസ്റ്റില്‍കൂടെയും അല്ലാതെയും പറ്റുന്നവരെയൊക്കെ എന്നെക്കൊണ്ട് സാധിക്കുന്ന രീതിയില്‍ സഹായിച്ചിട്ടുണ്ട്.

അന്‍പതോളം വൃക്ക രോഗികള്‍ക്ക് കഴിഞ്ഞ നാലുവര്‍ഷമായി .മാസം തോറും ഡയാലിസിസ് ചെയ്യാനുള്ള സഹായം കൊടുക്കാന്‍ സാധിക്കുന്നു. ഫെയിസ്ബുക്കിലെ പോസ്റ്റുകളിലൂടെയും അല്ലാതെയും പലര്‍ക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും മറ്റും സഹായം എത്തിക്കാന്‍ സാധിച്ചു.. ഇവരൊക്കെ ഇടയ്ക്കു എന്നെ കാണുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന ആ ഒരു പ്രത്യേക പ്രകാശവും കയ്യില്‍ വന്നു പിടിച്ച് നെഞ്ചോട്‌ ചേര്‍ത്ത് എന്നും ഞങ്ങളുടെ പ്രാര്‍ഥനയില്‍ മാഡം ഉണ്ടാകും എന്നൊക്കെ കേള്‍ക്കുന്നതും മാത്രം പോരെ എന്‍റെ ജന്മം സഫലമാകാന്‍.

ആവശ്യക്കാര്‍ക്ക് രക്തം സമയത്ത് എത്തിക്കാന്‍ എന്‍റെ പോസ്റ്റുകള്‍ ഉപകാരപ്പെട്ടു..

നൂറിനടുത്ത്‌ ആളുകള്‍ക്ക് ഫെയിസ്ബുക്കിലൂടെയും അല്ലാതെയും ജോലി ശരിയാക്കി കൊടുക്കാന്‍ സാധിച്ചു.

പല കുട്ടികള്‍ക്കും പഠന സാമ്പത്തിക സഹായം എത്തിക്കാനായി..

അനോര, സേവനം എന്നീ പ്രവാസി സംഘടനകളുടെ കോഡിനെറ്റര്‍ ആയി പ്രവര്‍ത്തിച്ച്‌ 200 ലധികം പാവപ്പെട്ട പെണ്‍ക്കുട്ടികള്‍ക്ക് മംഗല്യ ഭാഗ്യം ഉണ്ടാക്കാന്‍ സഹായിയായി. അവരില്‍ പലരും ഇപ്പോഴും ഫോണില്‍ വിളിച്ചു നന്ദി വീണ്ടും വീണ്ടും അറിയിക്കുമ്പോള്‍ നമ്മള്‍ ജീവിതത്തില്‍ മറ്റെന്തൊക്കെ നേടിയാലും കിട്ടാത്ത സന്തോഷം അനുഭവിക്കാന്‍ സാധിക്കാറുണ്ട്.

കുടുംബത്തിലും എന്നെക്കുറിച്ച് ആരും ദോഷം പറയുമെന്ന് തോന്നുന്നില്ല. എന്‍റെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ എന്നെക്കൊണ്ട് പറ്റുന്ന വിധത്തില്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഒന്നിലും കുറ്റബോധവും ഇല്ല.

സുഹൃത്തുക്കള്‍ക്കും ഒരു ഉപകാരി എന്നെ എന്നെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തോന്നൂ..

പ്രൊഫഷണല്‍ ജീവിതത്തിലും ഞാന്‍ ഒരു വിജയം തന്നെ ആയിരുന്നു. ഇത്രയും മത്സരമുള്ള ഒരു ഫീല്‍ഡില്‍ ഈ പതിമൂന്നാം വര്‍ഷവും നല്ല തിരക്കില്‍ നില്‍ക്കുക എന്നത് ഒരു വിജയം തന്നെയല്ലേ.?

അതുപോലെ എനിക്ക് സ്വപ്‌നങ്ങള്‍ ഇല്ല...ആഗ്രഹങ്ങളും ഇല്ല..നിരാശയും ഇല്ല...ഒരുവിധം ഞാന്‍ ആഗ്രഹിച്ചതൊക്കെ എനിക്ക് നേടാനുമായിട്ടുണ്ട്.ഇപ്പോള്‍ ഞാന്‍ കാറ്റിനനുസരിച്ച് തുഴയുന്നു. എത്തുന്നിടത്ത് എത്തട്ടെ എന്ന ചിന്തയില്‍...

എല്ലാംകൊണ്ടും എന്‍റെ ജീവിതത്തെ പോസിറ്റീവ് ആയി മാത്രമേ ആളുകള്‍ കാണൂ...എനിക്ക് മാത്രം അറിയാവുന്ന ചില ചെറിയ പോരായ്മകള്‍ ഒഴിവാക്കിയാല്‍ എന്‍റെ ജീവിതം ഒരു തികഞ്ഞ വിജയം തന്നെയാണ്. ആ പോരായ്മകളില്‍ എനിക്ക് ഒട്ടും കുറ്റബോധവും ഇല്ല.

ഈ ചിന്തകളൊക്കെ കടന്നു വന്നത് കഴിഞ്ഞ ദിവസത്തെ എന്‍റെ ട്രെയിന്‍യാത്ര വേളയില്‍ ആണ്....അതും വര്‍ക്കലക്കും പരവൂരിനും ഇടക്കുള്ള ഇടവ കായല്‍ കണ്ടപ്പോള്‍...

എനിക്കെന്നും കായലും കടലും പുഴകളും വളരെ വളരെ ഇഷ്ടമാണ്.കപ്പല്‍ യാത്ര ഒഴികെ കടലിലൂടെയും കായലിലൂടെയും പുഴകളിലൂടെയും ധാരാളം യാത്രകളും നടത്തിയിട്ടുണ്ട്

വേളികായലും , വെള്ളായണി കായലും, പാതിരാമണല്‍ തീരത്തുകൂടിയുള്ള യാത്രയും, കുമരകം കായലുമൊക്കെ ഇഷ്ടമാണെങ്കിലും എന്‍റെ കണ്ണില്‍ ഏറ്റവും സുന്ദരി ഇടവ കായലാണ്. ആ സൌന്ദര്യം ദിവസങ്ങളോളം കണ്ണില്‍ നിന്നും മനസ്സില്‍ നിന്നും മായില്ല.

എന്‍റെ ഹിമാലയന്‍ യാത്ര വേളകളില്‍ ആണ് വെള്ളത്തിന്‍റെ സൌന്ദര്യം ഞാന്‍ പൂര്‍ണ്ണമായും ആസ്വദിച്ചത്. പ്രത്യേകിച്ചും പ്രയാഗുകളില്‍..( പല നദികള്‍ ഗംഗയുമായി ഒരുമിച്ചു ചേരുന്നയിടം)

ഗൌരിപ്രയാഗില്‍ ആണെന്ന് തോന്നുന്നു ഗംഗയുടെ കുറുകെയുള്ള ഒരു തൂക്കു പാലത്തില്‍ നിന്നും താഴേക്കു നോക്കുമ്പോള്‍ ഉള്ള ആ പാല്‍ നിറത്തില്‍ വന്യതയോട് കുതിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ സൌന്ദര്യം കണ്ടു മതിമയങ്ങിയത്..

ശരിക്കും ഒരു നിമിഷം ചിന്തിച്ചു പോയി ആ വന്യ സൌന്ദര്യത്തിലേക്ക് എടുത്ത് ചാടാന്‍.. ആത്മഹത്യചെയ്യുകയായിരുന്നില്ല ഉദ്ദേശ്യം.. ആ സൌന്ദര്യത്തില്‍ അങ്ങ് ലയിച്ചു ചേരാന്‍...ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന പലരോടും ഞാന്‍ എന്‍റെ ഈ തോന്നല്‍ പറഞ്ഞു- സ്വാമിജിയോടുള്‍പ്പെടെ..അപ്പോഴാണ് മനസ്സിലായത് ഇത് എന്‍റെ മാത്രം തോന്നലുകള്‍ അല്ല എന്ന്. ആത്മീയതയും സൌന്ദര്യബോധവും അല്‍പ്പമെങ്കിലും മനസ്സിലുള്ള ആര്‍ക്കും ഇത് തോന്നാം....

എന്‍റെ വളരെ അടുത്ത സുഹൃത്തിനോട് എന്‍റെ ഈ തോന്നല്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇനി നീ ഹിമാലയയാത്ര സ്വപ്നം കാണേണ്ട എന്നായിരുന്നു.

ഉത്തരകാശിയില്‍ ഗംഗയുടെ തീരത്തുള്ള തപോവന്‍ കുടിയിലും ഇത്തരത്തില്‍ ഉള്ള ഒരു സ്ഥലമുണ്ട്- " സൂര്യകുണ്ട്" .. വളരെ മനോഹരമായ ഒരു ആശ്രമം..തപോവന സ്വാമികളുടെ ശിഷ്യനായ ചിന്മയാനന്ദ സ്വാമികളാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഗുരു.. അതുകാരണം ഞങ്ങള്‍ക്ക് അവിടെ കുറെ നേരം ചിലവഴിക്കാന്‍ സാധിച്ചു....തപോവന്‍ കുടിയുടെ മുന്നിലായാണ് സൂര്യകുണ്ട് ... ഗംഗാനദി വന്നു ശക്തമായി പതിക്കുന്നിടമാണ് ഇവിടം.. .മുഴുവന്‍ പാറകള്‍ ആണ്.. അതും നല്ല വെളുത്ത പാറകള്‍.. ഗംഗാനദി വന്നു പതിക്കുന്നിടത്തെ പാറക്കു ശിവ ലിംഗത്തിന്‍റെ ആകൃതിയാണ്..ഗംഗാ നദി ശിവ ലിംഗത്തിലേക്ക് പതിക്കുന്നു എന്നാണു സങ്കല്പം..

വെള്ളം ശക്തിയായി പതിക്കുന്നതിനിടക്ക് മനോഹരമായ ഒരു കാഴ്ച്ച കാണാം..ഇടക്കിടക്കുണ്ടാകുന്ന മഴവില്ലുകള്‍... അതിമനോഹരമാണ് ആ കാഴ്ച്ച.. നോക്കി നില്‍ക്കുമ്പോഴേക്കും അത് മാഞ്ഞുപോകും..വീണ്ടും വരും....

ഈ ശക്തമായ വെള്ളപ്പാച്ചില്‍ കണ്ടപ്പോഴും അതിലേക്കു ചാടാനുള്ള ആഗ്രഹം വീണ്ടും എനിക്കുണ്ടായി.

അതുപോലെ കഴിഞ്ഞ ദിവസം ഇടവ കായലിന്‍റെ സൌന്ദര്യത്തിലേക്കും ലയിച്ചു പോകാന്‍ തോന്നി.

ഇതൊക്കെ വായിക്കുമ്പോള്‍ പലര്‍ക്കും തോന്നാം ഇതൊരു ആത്മഹത്യ കുരിപ്പാണോ എന്ന്.. അല്ലെ അല്ല. എന്‍റെ ചില തോന്നലുകള്‍ മാത്രം.

പക്ഷെ എനിക്ക് എപ്പോഴെങ്കിലും ആത്മഹത്യ ചെയ്യണമെന്നു തോന്നിയാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗം ഇതുതന്നെയാകും.

അങ്ങനെ സംഭവിച്ചാല്‍ ഞാന്‍ ആഗ്രഹിച്ച ഒരു കാര്യം മാത്രം നടക്കാതെ വരും - എന്‍റെ "അവയവദാന സമ്മത പത്രം" .. വെള്ളത്തില്‍ വീണു അഴുകിയ ശരീരത്തിലെ അവയവങ്ങള്‍ ആര്‍ക്കു വേണം....

വാല്‍ക്കഷണം : ഇതിനു വരുന്ന പല കമന്‍റുകളും എനിക്ക് മുന്‍കൂട്ടി പറയാന്‍ പറ്റും.. ഊളന്‍ പാറയിലോ കുതിരവട്ടത്തോ ഉടന്‍ പോവുക എന്ന്..

ഊളന്‍പാറയിലെ ദേശീയ മാനസികാരോഗ്യ കേന്ദ്രം നോഡല്‍ ഓഫീസറും സൈക്യാട്രിസ്റ്റുമായ ഡോക്റ്റര്‍ .കിരണ്‍ എന്‍റെ അടുത്ത സുഹൃത്താണ്. ഇവിടെ എഫ്.ബി.യിലും അദ്ദേഹം എന്‍റെ സുഹൃത്തായുണ്ട്. അദ്ദേഹത്തോട് ശ്രീജയ്ക്ക് വല്ല കുഴപ്പവും ഉണ്ടോന്ന് ചോദിച്ചാല്‍ പറയും ശ്രീജയ്ക്ക് മാത്രമല്ല എനിക്കും ഇങ്ങനൊക്കെ പലപ്പോഴും തോന്നീട്ടുണ്ടെന്ന്...

1 comment:

  1. മനോഹരമായ എഴുത്ത് , പോസിറ്റീവ് മാത്രം സംസാരിക്കുന്നു. പ്രകൃതിയെ സ്നേഹികുന്ന ആർക്കും തോന്നുന്ന ഫീലിങ്ങ്സ്‌ ആണ് അതിന്റെ മനോഹരതയിൽ അലിഞ്ഞു ചേരാൻ , ചെയിത പ്രവർത്തികൾ കേട്ടപ്പോൾ എനിക്കും ചേച്ചിയെ പോലെ ആകണം എന്ന തോന്നൽ .

    ReplyDelete