Friday 2 May 2014

മാസമുറയും അമ്പലത്തിൽ പോകുന്നതും ......

കഴിഞ്ഞ ദിവസം എന്‍റെ ഒരു സുഹൃത്ത് എന്നോടൊരു ചോദ്യം ചോദിച്ചു...മാസമുറ (മെന്‍സസ്) സമയത്ത് എന്താണ് സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകാത്തതെന്ന്‍...

ഞാനും മുന്‍പ് ആലോചിച്ചിരുന്ന ഒരു വിഷയമാണിത്...അതിന് ഞാന്‍ കണ്ടെത്തിയ കുറേ കാരണങ്ങളും ഉണ്ട്...

പണ്ടുകാലത്ത് സ്ത്രീകള്‍ക്ക് കൂട്ടുകുടുംബങ്ങളില്‍ നിന്നുതിരിയാനുള്ള സമയം പോലും ഉണ്ടാകില്ല. അവര്‍ക്ക് ആകെ കിട്ടുന്ന വിശ്രമം എന്നത് മാസമുറ സമയത്തുള്ള ഏഴ് ദിവസമാണ്.അന്ന് അവര്‍ വീടുകളില്‍ നിന്നും മാറി കുളിപ്പുരയോടു ചേര്‍ന്നുള്ള മറപ്പുരകളിലും മറ്റും താമസിക്കും. എല്ലാ ജോലികളില്‍ നിന്നും ഒഴിഞ്ഞുമാറിയാകും ഈ വിശ്രമം.

അന്നത്തെക്കാലത്ത്‌ സാധാരണ സ്ത്രീകളുടെ ഒരു ദിവസം തുടങ്ങുക രാവിലെ കുളിച്ച് അമ്പലത്തില്‍ പോയി തൊഴുത്‌ മടങ്ങുന്നതോടെയാകും. അപ്പോള്‍ ഈ വിശ്രമ വേളയില്‍ അമ്പലത്തില്‍ പോകുന്നതിനും ഒരു വിശ്രമം കൊടുത്തിട്ടുണ്ടാകും.

പിന്നെ - ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ശാരീരികമായി ഒരു വൃത്തിയില്ലായ്മ തോന്നുന്ന സമയമാണ്. എത്ര കുളിച്ചാലും അത് തോന്നും. അതും ഒരു കാരണമാകാം.

അതുപോലെ അമ്പലങ്ങളില്‍ പോകുമ്പോള്‍ നമുക്കെപ്പോഴും ഒരു പോസിറ്റീവ് ഊര്‍ജമാകും ഉണ്ടാവുക. ഒപ്പം അവിടെ നിന്നും കിട്ടുന്നതും പോസിറ്റീവ് ഊര്‍ജമാകും.. സാധാരണ നമ്മള്‍ കുളിച്ച് ഈറനോടെ അമ്പലത്തില്‍ പോകുമ്പോള്‍ ഒരു പ്രത്യേക ഊര്‍ജം നമുക്ക് കിട്ടാറുണ്ട്. മനസ്സിന്‍റെ ശുദ്ധി മതി അമ്പലങ്ങളില്‍ പോകാന്‍ എന്നൊക്കെ പറഞ്ഞാലും ഈ ഒരു ഊര്‍ജം കിട്ടണമെങ്കില്‍ കുളിച്ച് തന്നെ പോകണം.മെന്‍സസ് സമയത്ത് കുളിച്ച് പോയാലും ഈ ഒരു ഊര്‍ജത്തിന്‍റെ കുറവ് നമുക്ക് നന്നായി അനുഭവപ്പെടും .

നമുക്കുള്ളിലെ ശക്തി തന്നെയാണ് അമ്പലങ്ങള്‍ക്കുള്ളില്‍ ഉള്ളതെന്നറിഞ്ഞാലും , നമ്മുടെ പ്രാര്‍ഥനകളിലൂടെയാണ് ഈ ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതെന്നറിഞ്ഞാലും ശാരീരിക വൃത്തി യില്ലാതെ അമ്പലങ്ങളില്‍ പോകാന്‍ മനസ്സ് അനുവദിക്കാറില്ല.

മെന്‍സസ് സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ( അല്ലെങ്കില്‍ ഉണ്ടാകുന്നതായി തോന്നുന്ന) വൃത്തിക്കുറവ് അവരിലെ പോസിറ്റീവ് ഊര്‍ജത്തെ സാരമായി കുറയ്ക്കും..ഇതൊക്കെ പഴമക്കാര്‍ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാകണം ഈ ദിവസങ്ങളില്‍ സ്ത്രീകള്‍ അമ്പലങ്ങളില്‍ പോകുന്നതില്‍ നിന്നും ഒഴിവാക്കിയത്..

ഇത് എന്‍റെ കാഴ്ച്ചപ്പാടാണ്... ഇതിനെക്കുറിച്ച് നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ ഉണ്ടാകുമല്ലോ...

No comments:

Post a Comment