Friday 2 May 2014

നാളെ വിഷു.....

നാളെ വിഷു.....

ഞാന്‍ നാട്ടിലില്ലാത്തത് കാരണം കണിയായി സ്വന്തം മുഖം തന്നെ കണ്ണാടിയില്‍ കാണേണ്ടി വരുമെന്നാണ് തോന്നുന്നത്.. എന്‍റെ ഈ വരുന്ന വര്‍ഷത്തെ ഫലം അങ്ങനാണേല്‍ ഈശ്വരന്‍ നിശ്ചയിക്കട്ടെ...

പക്ഷെ ഈശ്വരാ.. കാര്യങ്ങള്‍ ഒക്കെ അറിയാമല്ലോ.. ചതിച്ചേക്കരുതേ...

വിഷു ആഘോഷങ്ങളെക്കുറിച്ച് പറയുമ്പോള്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള ആഘോഷങ്ങളില്‍ വ്യത്യസ്ഥതകള്‍ ഉണ്ടെന്നാണ് അവിടങ്ങളില്‍ ഉള്ള സുഹൃത്തുക്കള്‍ പറയാറ്..

തിരുവനന്തപുരത്ത് കണിയൊരുക്കുന്നതിലും വിഷുക്കൈനീട്ടം കൊടുക്കുന്നതിലും ആഘോഷങ്ങള്‍ ഒതുങ്ങുന്നു എന്നാണു എന്‍റെ അറിവ്.

ഫെബ്രുവരി മാസം മുതല്‍ പൂത്തുതുടങ്ങുന്ന കണിക്കൊന്നകള്‍ മിക്കവാറും വിഷു ആകുമ്പോള്‍ ദാരിദ്ര്യമേഖലയില്‍ ആകുമെന്നതാണ് സാധാരണ കണ്ടുവരുന്ന പതിവ്.. ഈ വര്‍ഷം മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുതല്‍ പൂക്കള്‍ ഉണ്ടായി എന്നാണു എനിക്ക് തോന്നുന്നത്.മാര്‍ച്ച് അവസാനത്തോടെ തന്നെ റോഡുകളുടെ ഓരങ്ങളിലും വീടുകളിലുമൊക്കെ മഞ്ഞ കണിക്കൊന്ന പൂക്കളുടെ ധാരാളിത്തമായിരുന്നു. പക്ഷെ വിഷു തലേന്ന് പലപ്പോഴും അമിത വിലകൊടുത്ത് പൂക്കള്‍ വാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇന്നും അതിനു മാറ്റമൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല.

രാത്രി കണി ഒരുക്കി വച്ച് കഴിഞ്ഞാല്‍ പിന്നെ വെളുപ്പിനെയുള്ള കണികാണലും വിഷുക്കൈനീട്ടം വാങ്ങലും കൊടുക്കലുമോക്കെയായി ആഘോഷങ്ങള്‍ തീരും. ഈയിടെയായി പടക്കം പൊട്ടിക്കുന്ന ഒരു ചടങ്ങുകൂടി തുടങ്ങിയിട്ടുണ്ടെന്ന് തോന്നുന്നു. അതുപോലെ കണിയൊരുക്കി വീടുവീടാന്തരം കൊണ്ട് നടന്നു കണി കാണിക്കുന്ന ഒരു സംഘവും കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടില്‍ കണ്ടിരുന്നു.. ഒരു സ്വയം തൊഴില്‍ പദ്ധതിയുടെ ഭാഗമായി ആകണം ഇത്. ചെറിയ പിള്ളേര്‍ ആണ് ഇതിന്‍റെ പ്രായോജകര്‍..ചെറിയ ഇന്‍വെസ്റ്റ്‌മെന്‍റില്‍ ഉള്ള ഒരു ചെറിയ ബിസിനസ്സ് സംരംഭം..

പിന്നെ ഉച്ചക്കുള്ള വിഷു സദ്യയോടെ ഞങ്ങളുടെ നാട്ടിലെ വിഷു അവസാനിക്കുന്നു. സദ്യ എന്ന് പറയുമ്പോള്‍ അത് ഒരു ഓണസദ്യയോന്നും അല്ല.. ചെറിയ രീതിയില്‍ ഉള്ള ഒരു സദ്യ..

പക്ഷെ കേരളത്തിലെ ഓരോ ജില്ലകളിലും ഈ ആഘോഷങ്ങള്‍ വ്യത്യസ്ഥമായിരിക്കും.. എന്തിനാണ് വിഷു ആഘോഷിക്കുന്നത് എന്ന് പോലും പലര്‍ക്കും അറിവുണ്ടാകില്ല.. എനിക്കിവിടെ എല്ലാ ജില്ലക്കാരും സുഹൃത്തുക്കള്‍ ആയുണ്ടല്ലോ.. നിങ്ങളുടെ നാട്ടിലെ ആഘോഷങ്ങള്‍ ഇവിടെ എഴുതൂ.. എല്ലാവരും അറിയട്ടെന്നേ...

No comments:

Post a Comment